ദുബായ്: എ.കെ. മുഴുവൻ പേര് അങ്ങാടി കടവത്ത് അബ്ദുറഹ്മാൻ. ഒരുപക്ഷേ ആരും തന്നെ ആ പേര് ഉച്ചരിച്ചിട്ടുണ്ടാവില്ല. പൊതു സമൂഹത്തിൽ അദ്ദേഹം അറിയപ്പെടുന്നത് എ കെ എന്ന നാമധേയത്തോടെയാണ്.
ഏകദേശം അര നൂറ്റാണ്ടോളമായി യു എ ഇ യിൽ വാണിജ്യ-വ്യവസായ രംഗത്തും, സാമൂഹ്യ സാംസ്‌കാരിക ,ജീവകാരുണ്യ മേഖലകളിലും നിറസാന്നിധ്യമായ എ.കെ തൻറെ സാർത്ഥക ബിസിനസ് സംരംഭമായ അൽ-ഇജാസയുടെ 35 ആം വര്ഷം പൂർത്തിയാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ് വലയവും, യു എ ഇ യിലെ വിവിധ സാംസ്‌കാരിക സംഘടനകളും കൂട്ടായ്മകളും ചേർന്ന് ആദരം ഒരുക്കുന്നത്.
അനുകമ്പയോടെ പര്യായമാണ് എ കെ. സുഹൃത്തുക്കൾക്കും, നാട്ടുകാർക്കും കാരുണ്യത്തിന്റെ അത്താണി. സൗമ്യതയുടെയും, സഹാനുഭൂതിയുടെയും ആൾരൂപം. പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന, എല്ലാവരോടും നറു പുഞ്ചിരിയോടെ മാത്രം ഇടപഴകുന്ന, കുശലാന്വേഷണങ്ങൾ നടത്തുന്ന പക്വമതിയായ അപൂർവ്വ വ്യക്തിത്വം. എ കെ യ്ക്ക് രാഷ്ട്രീയമുണ്ട്. പക്ഷെ എല്ലാ രാഷ്ട്രീയക്കാരുടെയും സ്വന്തമാണ് എ.കെ. എല്ലാ സംഘടനകൾക്കും, കൂട്ടായ്മകൾക്കും, നാട്ടിലും വിദേശത്തും ഏറെ അഭിമതനാണ് എ കെ . പ്രശ്നപരിഹാരങ്ങൾക്കും, എ കെ യുടെ വാക്കുകൾ അന്തിമമായി കാണുന്നവരാണേറെയും.
സ്വപ്രയത്നം കൊണ്ട് ഗൾഫിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സംതൃപ്തി നൽകിയ അൽ-ഇജാസ എന്ന ബിസിനസ് ശ്രിംഗല കെട്ടിപ്പടുത്തിയ അദ്ദേഹം, പക്ഷേ ലാഭേച്ഛയേക്കാൾ പാവപ്പെട്ടവർക്കുള്ള കൈത്താങ്ങായാണ് തന്റെ ബിസിനസ് ഏറെക്കുറെ വിനിയോഗിച്ചത്. അനേകം പേർക്ക് രഹസ്യമായി സഹായങ്ങൾ ചെയ്തു. കൊട്ടിഘോഷിക്കാതെസംഭാവനകൾ നൽകി.
ദുബായ് ജുമൈറയിലെ അദ്ദേഹത്തിന്റെ അൽ-ഇജാസ കഫെറ്റീരിയ സന്ദർശിക്കാത്ത മലയാളികൾ വിരളമാണ്.
അതിനേക്കാളേറെ യു എ ഇ സ്വദേശികളുടെയും, മറ്റു വിദേശികളുടെയും ഇഷ്ട ഭക്ഷ്യ കേന്ദ്രം കൂടിയാണ് അൽ-ഇജാസ. ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ സുഹൃത്തുക്കളോടൊപ്പം സന്ദർശിച്ചു അംഗീകാരത്തിന്റെ മേലൊപ്പ് ചാർത്തിയ രുചിയുടെ കലവറ കൂടിയാണിവിടം. ദുബായിലെ പ്രമുഖ അറബികൾ എല്ലാം തന്നെ കുടുംബ സമേതം ഇവിടത്തെ നിത്യ സന്ദർശകരാണ്. സായാഹ്നങ്ങളിലെ അൽ-ഇജാസയിലെ പാതയോരങ്ങളിലെ തിരക്ക് ഇതിനുദാഹരണമാണ്. എ.കെ.യുടെ ആഥിത്യവും,അൽ-ഇജാസയിലെ രുചിയും നുകരാത്ത നാട്ടുകാരുണ്ടാവില്ല. എല്ലാവരുടെയും മനം കുളിർപ്പിക്കും.
തെളിഞ്ഞ മനസ്സോടെ സ്നേഹം നിറച്ചു ഏവരെയും സത്കരിക്കുന്ന എ കെ എന്ന വലിയ മനുഷ്യന്റെ സമർപ്പണത്തിന്റെയും, പ്രയത്നത്തിന്റെയും സായൂജ്യം കൂടിയാണ് അൽ-ഇജാസ. എ കെ പങ്കു വെച്ച സഹ ജീവികളിലേക്കു പകുത്തു നൽകിയ സഹവർത്തിത്വത്തിന്റെയും, മാനവികതയുടെയും മൂല്യങ്ങൾ തന്നെയാണ് നാട്ടുകാരുടെയിടയിൽ നന്മയുടെ പര്യായമായി എ കെ എന്ന രണ്ടക്ഷരം മാറിയതും, ഒരിക്കൽ കണ്ടു മുട്ടുന്ന ഏതൊരാളെയും അദ്ദേഹത്തിലേക്കു വീണ്ടും വീണ്ടും അടുപ്പിക്കുന്നതും.
കോഴിക്കോട് ജില്ലയിലെ തുറയൂർ പഞ്ചായത്ത് പയ്യോളി അങ്ങാടിയിലെ പരേതരായ അങ്ങാടിക്കടവത്ത് മൂസ ഹാജിയുടെയും, ഫാത്തിമയുടെയും മകനാണ് എ.കെ അബ്ദുറഹിമാൻ. നസീമയാണ് ഭാര്യ. അസീം, ജസീം, ഡോ. വസീം, ഫാത്തിമ എന്നിവരാണ് മക്കൾ.
ബിസിനസ് വിജയങ്ങൾക്കിടയിലും,സഹജീവികളെ സഹായിക്കുന്നതിലും,പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും ഉള്ള കരുതലാണ്, നിസ്വാർത്ഥമായ അദ്ദേഹത്തിന്റെ സേവനങ്ങളാണ് എ കെ യ്ക്ക് ഒരാദരം ഒരുക്കാൻ സുഹൃദ് സംഘത്തെ പ്രേരിപ്പിക്കുന്നത്.
ഒരുപാട് സംഘടനകളെ എ കെ ചേർത്തു പിടിച്ചിട്ടുണ്ട്. ഇന്നും അത് നിർബാധം തുടർന്ന് കൊണ്ടിരിക്കുന്നു. മിക്ക സംഘടനകളുടെയും രക്ഷാധികാരി കൂടെയാണ് അദ്ദേഹം. അങ്ങനെയുള്ള എ കെ യെ ആദരിക്കാൻ ഒരു ചടങ്ങ് വിവിധ സംഘടനകളുടെയും, കൂട്ടായ്മയുടെയും, സുഹൃത്തുക്കളുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 11 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് അൽ തവാർ ഹാംടൻ സ്കൂളിൽ വെച്ച് നടക്കുകയാണ്. പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.
ഫോട്ടോ: എ.കെ അബ്ദുറഹിമാൻ.








Leave a Comment