യു.എ.ഇ.യുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്കാരിക ചലനങ്ങളുടെ കേന്ദ്രമായ ഫുജൈറയിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍, ഇന്ത്യയുടെ ബഹുവര്‍ണ്ണ സംസ്കാരത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ‘ഫുജൈറ ഇന്ത്യ ഫെസ്റ്റ് 2026’ ജനുവരി 17ന് ഫുജൈറ എക്സ്പോ സെന്ററില്‍ നടക്കും. എമിറേറ്റിലെ ഏറ്റവും വലിയ ഇന്ത്യന്‍ സാംസ്കാരിക ഉത്സവമായി ഒരുങ്ങുന്ന ഇന്ത്യ ഫെസ്റ്റ്, ഇന്ത്യയുടെ വൈവിധ്യങ്ങളാല്‍ അലംകൃതമായ കലയെയും സംഗീതത്തെയും നൃത്ത രൂപങ്ങളെയും രുചികളെയും ഒരങ്കണത്തില്‍ ഒരുമയോടെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മഹോത്സവത്തിന്റെ ഏറ്റവും പ്രൗഢമായ ചടങ്ങ് ആഗോള വ്യവസായ രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും പ്രവാസി ഇന്ത്യക്കാരുടെ അഭിമാനവുമായ പദ്മശ്രീ എം. എ. യൂസഫ് അലിക്ക് സമര്‍പ്പിക്കുന്ന ‘ഫുജൈറ ജുവല്‍ അവാര്‍ഡ്’ വിതരണമാണ്. പ്രവാസികളുടെയും സ്വദേശികളുടെയും സമൂഹ നിര്‍മ്മിതിക്കും സാമൂഹിക ക്ഷേമത്തിനും നല്കിയ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ ആദരിച്ചുകൊണ്ടാണ് ഈ പുരസ്കാരം നല്‍കുന്നത്. ഫുജൈറ ഭരണാധികാരികളിലെ യുവതാരമായ ഹിസ് ഹൈനസ് ഷൈഖ് മക്തൂം ബിന്‍ ഹമദ് അല്‍ ഷര്‍ഖിയാണ് പുരസ്കാരം കൈമാറുക.
ഫുജൈറയിലെ മറ്റു വിശിഷ്ട വ്യക്തികളെയും സദസ്സില്‍ പുരസ്കരിക്കുന്നുണ്ട്. സര്‍വാദരണീയരായ ഡോക്ടര്‍ സുലൈമാന്‍ ജാസിം (ചാന്സ്ലര്, ഫുജൈറ യൂണിവേഴ്സിറ്റി), അഹമ്മദ് റൂഗ്ബാനി (ഡയറക്ടര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ്), സുല്‍ത്താന്‍ ജുമാ (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ചേമ്പര്‍ ഓഫ് കോമെഴ്സ്), മറിയം ഹാറൂണ്‍ (ഡയറക്ടര്‍, പ്ലാനിങ് ഡിപ്പാര്‍ട്മെന്റ്) തുടങ്ങിയവരെയാണത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വേദികള്‍, നാടിന്റെ സ്വരരാഗ സുധയൊഴുകുന്ന സംഗീതാവിഷ്കാരങ്ങള്‍, വിവിധ രുചിഭേദങ്ങളിലുള്ള ഭക്ഷണപാനീയങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന് ഇന്ത്യ ഫെസ്റ്റ് ഒരു സാംസ്കാരിക സംഗമവേദിയായി മാറും. കുടുംബസമേതം ആസ്വദിക്കാവുന്ന വിനോദ പരിപാടികളും ഭോജനശാലകളും ഫെസ്റ്റിന്റെ പ്രത്യേകതയാണ്. ഇന്തോ അറബ് സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ഫെസ്റ്റിന് അന്തര്‍ദേശീയ പ്രൗഢിയേകും.
പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ ഇന്ത്യ ഫെസ്റ്റിന്റെ ആഘോഷ രാവിന്റെ മാറ്റുകൂട്ടും. ഇന്ത്യയുടെ സവിശേഷമായ ഉത്സവ ച്ഛായങ്ങളും അറബ് നാടിന്റെ സൗഹൃദാതിഥ്യവും ഒരുമിക്കുന്ന ഫുജൈറ ഇന്ത്യ ഫെസ്റ്റ് 2026, യു.എ.ഇ.യിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും മറക്കാനാവാത്ത ഒരു സാംസ്കാരിക അനുഭവമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
പുത്തൂർ റഹ്മാൻ -പ്രസിഡന്റ്
സഞ്ജീവ് മേനോൻ – ജനറൽ സെക്രട്ടറി
അഡ്വ. നസീറുദ്ധീൻ – അഡ്വൈസർ
സുഭാഷ് – കൾച്ചറൽ സെക്രട്ടറി
അബ്ദുൽ മനാഫ് -സെക്രട്ടറി
നിഷാദ് – സെക്രട്ടറി









Leave a Comment