ബാബുരാജിന്റെ സംഗീത മാസ്മരികതയിൽ ആസ്വാദകരെ മയക്കി “ഇന്നലെ മയങ്ങുമ്പോൾ”

ദുബായ് : അനശ്വര സംഗീതജ്ഞൻ എം എസ് ബാബുരാജിന്റെ മാസ്മരിക സംഗീതത്തിൽ ആസ്വാദകരെ മയക്കിയിരുത്തി, കഴിഞ്ഞ ദിവസം ദുബായ് ഫോക്‌ലോർ സയാസി അക്കാദമിയിൽ അരങ്ങേറിയ “ഇന്നലെ മയങ്ങുമ്പോൾ” എന്ന പേരിൽ സംഘടിപ്പിച്ച ‘തീമാറ്റിക് ബയോ മ്യൂസിക്കൽ ഡ്രാമ’ എം എസ ബാബുരാജ് എന്ന മലയാള ഗാനാസ്വാദകരുടെ സ്വന്തം ബാബുക്കയുടെ ജീവിതവും സംഗീതവും നാടകീയ അനുഭവങ്ങളും സമന്വയിപ്പിച്ച് മലബാർ പ്രവാസി (യു എ ഇ) ആണ് ഈവൻടൈഡ്സ് വിഭാവനം ചെയ്ത ഈ വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്. ടീo ഈവൻടൈഡ്‌സിന്റെ കാസ്സെറ്റ് ക്‌ളാസ്സിക് പരമ്പരയിലെ 11ആമത്തെ പ്രോഗ്രാം ആയാണ് ഇന്നലെ മയങ്ങുമ്പോൾ അവതരിപ്പിച്ചത്.ബാബുരാജ് സ്മരണാർത്ഥം നടത്തിയിരുന്ന ‘നമ്മുടെ സ്വന്തം ബാബുക്ക’ പരിപാടിയുടെ രണ്ടാം ഭാഗമായാണ് ടീ൦ ഈവൻടൈഡ്സ് “ഇന്നലെ മയങ്ങുമ്പോൾ”ഒരുക്കിയത്

കോഴിക്കോട്ടെ മാളികപുരകളിലെ തട്ടിൻ പുറത്തെ മെഹ്ഫിൽ ഒത്തുചേരലുകളെ അനുസ്മരിപ്പിക്കുന്ന രംഗസജ്ജീകരണത്തോടെ ചലച്ചിത്ര പിന്നണി ഗായകൻ കെ കെ നിഷാദ്, സോണിയ നിസാം, മുസ്തഫ മാത്തോട്ടം, അഭി വേങ്ങര, യൂസഫ് കാരക്കാട്
തുടങ്ങിയവർ ബാബുക്കയുടെ ഗാനങ്ങളിലൂടെ ഹരം കൊള്ളിച്ചപ്പോൾ ആസ്വാദകരിൽ അതു തീരാത്ത ഗൃഹാതുരത്വം ഉണർത്തി.

ദുബായിൽ മഴ പെയ്ത് അനുഗ്രഹീതമായ രാവിൽ ബാബുക്കയുടെ “ഇന്നലെ മയങ്ങുമ്പോൾ..” എന്ന അനശ്വര ഗാനത്തോടെ പരിപാടിക്ക് തുടക്കമിട്ടു. ആബാല വൃദ്ധം ജനങ്ങളാണ് മഴയായിരുന്നിട്ടും ഹാളിൽ തടിച്ചു കൂടിയത്.

തുടർന്ന് ബാബുക്ക സംഗീതം നൽകി അവിസ്മരണീയമാക്കിയ “താമസമെന്തേ” “അസ്തമനക്കടലിന്നകലെ”….”സുറുമയെഴുതിയ മിഴികളെ”
“സൂര്യകാന്തി”…”വാസന്തപഞ്ചമിനാളിൽ”…”ഒരു പുഷ്പം മാത്രമെൻ”… “അവിടുന്നെൻ ഗാനം കേൾക്കാൻ” എന്നീ ഗാനങ്ങൾ കാണികളെ
കാല്പനികതയിലേക്കാനയിച്ചു. “പഞ്ചവർണ്ണ തത്ത പോലെ”…” കദളിവാഴ” ..”പുള്ളിമാനല്ല”…”ഒരുകൊട്ട പൊന്നുണ്ടല്ലോ”…എന്നിവ
ആവേശത്തിന്റെ അലകൾ തീർത്തു. തുടർന്ന് അവതരിക്കപ്പെട്ട “പ്രാണസഖി”..”കാണാൻ പറ്റാത്ത”..”പൊട്ടിത്തകർന്ന കിനാവിന്റെ”..
എന്നീ ഗാനങ്ങൾ ശ്രോതാക്കളെ വ്യഥയിലാക്കി. ഒടുവിൽ ബാബുരാജിന്റെ അവസാന നാളുകൾ വിവരിച്ചു കൊണ്ട് …
“അനുരാഗനാടകത്തിന് അന്ത്യമാം രംഗം” എന്ന ശോക ഗാനത്തോടെ പരിപാടി പരിസമാപ്തിയിലായപ്പോൾ കാണികളെ കണ്ണീരണിയിച്ചു. .

പാടിയും പറഞ്ഞും സംവിധായകൻ യാസിർ ഹമീദ് പരിപാടിയുടെ അവതാരകനായപ്പോൾ , സിത്താറും തബലയും ഹാർമോണിയവും പുല്ലാങ്കുഴലും ഒപ്പം കീബോർഡും ഗിറ്റാറും റിഥം പാഡുമായി വാദകരായ സലീൽ മലപ്പുറം, അനീഷ്, ജസ്റ്റിൻ, സത്യജിത്, രാഗേഷ്,
അജിത് വിക്രമൻ എന്നിവർ ഹിന്ദുസ്ഥാനി രാഗങ്ങളായ യമൻ കല്യാണിയും പഹാഡിയും ദേശും അഹിർഭയരവിയും നിലയ്ക്കാതെ പൊഴിച്ചു വേദിയേയും സദസ്സിനെയും പൊന്നിൻ ചിലമ്പൊലിയാക്കി.

മലബാർ പ്രവാസി (യു എ ഇ) പ്രസിഡണ്ട് അഡ്വ.അസീസ് തോലേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ജമീൽ ലത്തീഫ് ചടങ്ങു് ഉത്ഘാടനം ചെയ്തു. പോൾ ടി ജോസഫ് , ബഷീർ തിക്കോടി , ബി എ നാസർ , അഡ്വ. മുഹമ്മദ് സാജിദ്, ഡോ .ബാബു റഫീഖ് ,
പുന്നക്കൻ മുഹമ്മദ് അലി, നാസർ ബേപ്പൂർ , മുഹമ്മദ് അലി, മുരളി കൃഷ്ണൻ, ചന്ദ്രൻ , ജലീൽ മഷൂർ , ഷീല പോൾ തുടങ്ങിയവർ സംസാരിച്ചു.

മലബാർ പ്രവാസി (യു എ ഇ) വൈസ് പ്രസിഡണ്ടും പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ മൊയ്‌ദു കുട്ട്യാടി സ്വാഗതവും, സിക്രട്ടറി ശങ്കർ നാരായൺ നന്ദിയും പറഞ്ഞു.

ഫോട്ടോ: എം എസ് ബാബുരാജിന്റെ സ്മരാണാർത്ഥം ദുബായിൽ സംഘടിപ്പിക്കപ്പെട്ട “ഇന്നലെ മയങ്ങുമ്പോൾ” പരിപാടി.

Posted by Sajid Grace