അഡ്വ.മുഹമ്മദ് സാജിദ്
ദുബായ്: ഈ പരിശുദ്ധ റമദാനിലും പതിവ് പോലെ തന്നെ ‘കാരുണ്യപെരുമഴ’ യു എ ഇ യിലെങ്ങും നിർബാധം തുടരുകയാണ്. അനുകമ്പയുടെയും സഹായഹസ്തങ്ങളുടെയും പെരുമഴ! ഇറാൻ-ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ ഉണ്ടായ പ്രതിസന്ധി ഘട്ടത്തിലും, വൃതമനുഷ്ഠിച്ചു പള്ളികളിലെത്തുന്നവരെ നോമ്പ് തുറപ്പിക്കാൻ വിഭവ സമൃദ്ധമായ
ഭക്ഷണക്കിറ്റുകളാണ് യാതൊരു ഇടതടവുമില്ലാതെ നേരത്തിനെത്തുന്നത് .
എമിറേറ്റ്സ് റെഡ് ക്രസന്റ്, കമ്യുണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ബൈത് അൽ ഖൈർ, ദാർ അൽ ബർ , നാബാദ് അൽ ഇമറാത് , ഗൈത് അൽ ഇമാറാത് , അറേബ്യൻ ഹേർട്സ് തുടങ്ങിയ അംഗീകൃത സന്നദ്ധ സംഘടനകളിലൂടെയാണ് വ്യവസ്ഥാപിതമായി ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു വരുന്നത്.

ഇതിനായി ഇഫ്താർ ടെൻറ്റുകളും, പള്ളികളിൽ പ്രത്യേക സജ്ജീകരണങ്ങളുമൊരുക്കുന്നു. അബുദാബി, ദുബൈ, ഷാർജ, ഫുജൈറ, റാസൽ ഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ ഏഴു എമിറേറ്റുകളിലും ഇത്തരം കേന്ദ്രങ്ങൾ സജീവമാണ്.

ഭരണാധികാരികളുടെ രക്ഷകർത്രിത്വത്തിലും മേൽനോട്ടത്തിലും ഏകദേശം 80 ലക്ഷത്തോളം ഭക്ഷണ കിറ്റുകളാണ് ഈ പുണ്യ മാസത്തിൽ വിതരണം ചെയ്തു വരുന്നത്. ദിനംപ്രതി വിവിധ രാജ്യക്കാരും, നാനാജാതിക്കാരും, മതവിഭാഗക്കാരുമായ
ലക്ഷകണക്കിനാളുകൾ നോമ്പു തുറയിലൂടെയും, അത്താഴ വിരുന്നിലൂടെയും ഇതിന്റെ ഗുണഭോക്താക്കളാകുന്നു.
മുസഫ, അൽഖൂസ് , ക്വിസൈസ് , സജ്ജ, തുടങ്ങി വ്യവസായകേന്ദ്രങ്ങളിലെ ലേബർ കാമ്പിലും മറ്റും താമസിക്കുന്ന തുച്ഛവരുമാനക്കാരായ തൊഴിലാളികൾക്ക് റമദാൻ മാസം ഈ ഭക്ഷണ വിതരണം മൂലം ഏറെ ആശ്വാസമാണ്. സാധാരണക്കാരുടെ കൂടെയിരുന്നു ഇത്തരം ഭക്ഷണപ്പൊതികൾ വാങ്ങി നോമ്പു തുറക്കാൻ സ്വദേശികളായ ഉന്നതരും, ഭരണാധികാരികൾ പോലും ഒത്തു ചേരാറുണ്ട് എന്നത് യു എ ഇ യുടെ സഹിഷ്ണുതയുടെ മകുടോദാഹരണമാണ്. ഇത് മറ്റു രാജ്യങ്ങളും മാതൃകയാക്കിവരികയാണ്.

സന്നദ്ധ സംഘടനകൾ വഴിയും, വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ചും പതിനായിരക്കണക്കിന് ഭക്ഷണക്കിറ്റുകളാണ് ദിനേന വിതരണം ചെയ്യപ്പെടുന്നത്. ഈത്തപ്പഴം, കുടിവെള്ളം, കാരക്ക എന്നിവയും പഴ വർഗങ്ങളും, ജ്യൂസുകളും വേറെയും വിതരണം ചെയ്തു വരുന്നുണ്ട്.

ആശുപത്രികളിലും, തിരക്കേറിയ ട്രാഫിക് സിഗ്നലുകളിലും, പെട്രോൾ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും നോമ്പു തുറയുടെ സമയങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണംചെയ്യുന്നുണ്ട്. ഇത് രോഗികൾക്കും, തിരക്കിട്ടു യാത്ര ചെയ്യുന്ന
നോമ്പുകാർക്കും വളരെ ആശ്വാസമാകുന്നു. ദരിദ്ര്രും രോഗികളുമായവരുടെ വീടുകളിൽ ഭക്ഷ് ധാന്യ പൊതികളടങ്ങിയ കിറ്റുകൾ നേരിട്ട് എത്തിക്കുകയും ചെയ്യുന്നു.
ഭിക്ഷാടനം കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് അത്തരത്തിലുള്ള സഹായവും, രോഗികൾക്ക് മരുന്നുകളും നൽകുന്നു. യു എ ഇ ക്കു പുറമെ പട്ടിണിയിൽ കഴിയുന്ന അവികസിത രാജ്യങ്ങളിലെ
അർഹരായവരിലേക്കും ഇവ എത്തിക്കുന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ നൽകാനായി വ്യവസായ സംരംഭങ്ങളുമായി ചേർന്ന് പുത്തൻ വസ്ത്രങ്ങൾ ശേഖരിച്ചു, കുട്ടികൾക്കും, സ്ത്രീകൾക്കും, മറ്റുള്ളവർക്കുമായി വേർതിരിച്ചു നൽകുന്ന “ഗിഫ്റ്റ് ഇറ്റ് ഫോർവേർഡ്” പദ്ധതിയും ശ്രദ്ധേയമാണ്. സ്വദേശികളുടെ വീടുകളിലും, വലിയ
റെസ്റ്റോറന്റുകളിലും,ഇഫ്താർ സമയത്തിന് ശേഷം മിച്ചം വരുന്ന വിലപിടിപ്പുള്ള ആഹാരങ്ങൾ, ലേബർകാംമ്പുകളിലും മറ്റുമെത്തിച്ചു അവർക്കു അത്താഴമൊരുക്കുന്ന “ഫുതൂറകും സുഹൂറഹും” (നമ്മുടെ ഇഫ്താർ അവർക്കു സുഹൂർ) പദ്ധതി
ഭക്ഷണ ദുർവ്യയവും, നശിപ്പിക്കലും ഇല്ലാതാക്കുന്നു. ഇത് കുട്ടികളിൽ ദാനശീലം വളർത്തുകയും ചെയ്യുന്നു.

ആയിരക്കണക്കിന് സേവന തല്പരരായ സന്നദ്ധ സംഘടന വളണ്ടിയർമാരാണ് ഈ സദുദ്യമത്തിന് രാപകലില്ലാതെ റമദാൻ മുപ്പതു ദിനവും നേതൃത്വം നൽകുന്നത്. ജാതിമത ഭേദമില്ലാതെ സ്വദേശികളും വിദേശികളുമായ കുട്ടികളും, വൃദ്ധരും സ്ത്രീകളുമടക്കം
സന്നദ്ധ സേവകരായി യു എ ഇ നിവാസികൾ ഈ ഉദ്യമത്തിൽ മാത്സര്യത്തോടെ പങ്കാളികളാവുന്നു. കെ എം സി സി, എം എസ് എസ്, ഐ സി എഫ്, ഇൻകാസ്, ഓർമ തുടങ്ങിയ പ്രവാസി സംഘടനകളും, അക്കാഫ്, ഫോസ തുടങ്ങിയ കേരളത്തിലെ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനകളും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുണ്ട്.
റമദാൻ പ്രമാണിച്ച് വിവിധ എമിറേറ്റുകളിലായി ആയിരക്കണക്കിന് തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഇതുമൂലം ചെറിയ കുറ്റങ്ങളുടെയും, സാമ്പത്തിക ഇടപാടുകളുടെയും പേരിൽ ജയിലിൽ കഴിഞ്ഞു വന്നിരുന്ന ഇത്തരക്കാരുടെ മോചനം അനേകായിരം
കുടുംബങ്ങളുടെ കണ്ണീരൊപ്പാനാണുതകുന്നത്.
റമദാനിലെ നിർബന്ധിത സകാത്തും, പെരുന്നാൾ രാവിലെ ഫിത്തർ സകാത്തും റെഡ് ക്രസന്റും മറ്റു അംഗീകൃത സംഘടനകൾ വഴിയും ശേഖരിച്ചു നിയമനുസ്ത്രിതമായി അർഹരായവരുടെ കൈകളിലേക്കെത്തിക്കുന്നു. പെരുന്നാളിന് ദരിദ്ര കുടുംബങ്ങളിലെ
അംഗങ്ങൾക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു വരുന്നു. ഭിന്നശേഷിക്കാർക്കായി ദുബായ് ക്ലബ് ഫോർ ഡിറ്റർമിനേഷനിലും പ്രത്ത്യേക റമദാൻ പരിപാടികളും ഒരുക്കിവരുന്നു.
റമദാൻ മാസക്കാലത്തു നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളിൽ യു എ ഇ യുടെ പദ്ധതികൾ മറ്റു ലോകരാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയായിത്തീരുകയാണ്.