
ദുബായ്: പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികളെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് മലബാർ പ്രവാസി (യു.എ.ഇ) ഭാരവാഹികൾ.
മിഡിൽ ഈസ്റ്റിൽ ബാധിച്ചിരിക്കുന്ന നിലവിലെ പ്രശ്നങ്ങളെ തുടർന്ന് മേഖലയിൽ നിരവധി ആളുകൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ച് പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് പലരും. സന്ദർശക വിസയിൽ എത്തിയവരും ഈ പ്രതിസന്ധിയിൽ തിരിച്ചുപോകാൻ നിർബന്ധിതരാകുകയാണ്. പലരും രണ്ടും മൂന്നും ദിവസമെടുത്തു മറ്റു രാജ്യങ്ങൾ വഴിയുള്ള കണക്‌ഷൻ ടിക്കറ്റെടുത്താണ് യാത്രക്ക് വഴി കണ്ടെത്തുന്നത്.
സ്കൂൾ അവധിക്കും , വിഷു, ഈസ്റ്റർ, ഇനി വരാൻ പോകുന്ന ബലി പെരുന്നാൾ എന്നീ ആഘോഷങ്ങൾക്കും നാട്ടിലേക്കു പോകാൻ ഒരുങ്ങിയ പ്രവാസി കുടുംബങ്ങളെ അമിതമായ നിരക്കിൽ വർധിപ്പിച്ച വിമാന നിരക്ക് സാരമായി ബാധിച്ചിരിക്കുകയാണ്.
ഈ ദുരിതങ്ങൾക്കിടയിൽ പ്രവാസികൾക്ക് ആശ്വാസമായി ഗ്രൂപ്പ് ടിക്കറ്റുകളും കുറഞ്ഞ നിരക്കുകളും ലഭ്യമാക്കുന്നതിന് പകരം, വിമാനക്കമ്പനികൾ അമിത ചാർജ് ഈടാക്കി കൊള്ളലാഭം കൊയ്യുന്നത് പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ വിശദമാക്കി.

നാടിന്റെ നട്ടെല്ലായ പ്രവാസികൾ ഇത്രയും വലിയ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ അടിയന്തരമായി ഇടപെടേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ജനപ്രതിനിധികളിൽ നിന്നും ആശാവഹമായ നീക്കങ്ങൾ ഉണ്ടാകില്ലെന്ന ആശങ്കയിലുമാണ് പ്രവാസികൾ. കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യം വാഗ്ദാനം ചെയ്ത് പ്രഖ്യാപിച്ച ‘എയർ കേരള’ പദ്ധതി എവിടെയാണെന്നും, പ്രവാസികൾക്ക് ഏറ്റവും കൂടുതൽ സഹായം വേണ്ട ഇത്തരം സാഹചര്യങ്ങളിലല്ലേ ഇത്തരത്തിലുള്ള സർവീസുകൾ ലഭ്യമാക്കേണ്ടതെന്നും യോഗം പ്രതികരിച്ചു .
വിമാനക്കമ്പനികളുടെ ഈ നടപടിക്കെതിരെ പ്രവാസലോകത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകാനും മലബാർ പ്രവാസി യു.എ.ഇ തീരുമാനിച്ചു.
പ്രസിഡന്റ് അഡ്വ. അസീസ് തോലേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ജമീൽ ലത്തീഫ്, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മൊയ്തു കുറ്റ്യാടി, മുഹമ്മദ്അലി, രാജൻ കൊളാവിപ്പാലം എന്നിവർ സംസാരിച്ചു.
സെക്രട്ടറി ശങ്കരനാരായണൻ സ്വാഗതവും ട്രഷറർ ചന്ദ്രൻ കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി.
